ഹൈദരാബാദ് ദിനം 1

23 01 2022

19 01 2022 ന് രാവിലെ ആരംഭിച്ച ഹൈദരാബാദ് പര്യടനം പൂർത്തിയായിരിക്കുന്നു.
ഏറെ നാളത്തെ പ്ലാൻ ആയിരുന്നു ഈ യാത്ര.

ബിന്ദുവും ബോബിയും ലഡാക്കിലെ ട്രെക്കിംഗ് കഴിഞ്ഞുള്ള വരവിനോട് ചേർത്താണ് ഇത് ആലോചന തുടങ്ങിയത്. അവർ ഈ പ്ലാനിൽ ഉറച്ചു നിന്നതോടെ ഞങ്ങളും ടിക്കറ്റ് ബുക്ക് ചെയ്തു.
പ്രവീണും ആഭയും അവന്തു മോളും കൂടി ചേർന്നു.

കോവിഡ് 19 ന്റെ മൂന്നാം തരംഗവും ഒമൈക്രോൻ ഭീഷണിയും കൂടി വന്നപ്പോൾ വേണോ വേണ്ടയോ എന്ന ചിന്ത വല്ലാതെ വന്നു. ഗംഗയുടെ ചില പരീക്ഷകൾ ഇതോടനുബന്ധിച്ച് മാറ്റിയപ്പോൾ അവൾക്കും വരണം എന്നായി.

എന്തിനേറെ പറയുന്നു.. പോകാൻ തന്നെ തീരുമാനിച്ചു.. കേരളത്തിലെ കോവിഡ് കേസുകൾ അഞ്ചായിരത്തിൽ നിന്നും പതിനായിരം ആയി കൂടിയതും അവിടന്ന് ഉള്ള പോക്കും അല്പം ആശയക്കുഴപ്പം ഉണ്ടാക്കി. ഹൈദരാബാദ് ൽ വിളിച്ചു അന്വേഷിച്ചപ്പോൾ അവിടെ പ്രശ്നം ഇല്ലെന്ന് രാഘവേന്ദ്ര ജിയുടെ ഉറപ്പ്..

ഇൻഡിഗോ വിമാനത്തിൽ മുംബൈ വഴി രാത്രി എട്ട് മണിയോടെ ഹൈദരാബാദ് എത്തി.

മുംബൈയുടെ ഇരട്ട മുഖം ഏറ്റവും നന്നായി കാണുന്നത് വിമാനം ഇറങ്ങുമ്പോൾ ആണ്. അംബരചുംബികളായ  ഫ്ലാറ്റുകൾ നിര നിരയായി അടുക്കി വെച്ചിരിക്കുന്ന കാഴ്ച.. കുട്ടികളുടെ ബിൽഡിങ് ബ്ലോക്കുകൾ പോലെ തോന്നിക്കും.. അടുത്ത നിമിഷം ചേരികളെ തൊട്ടുരുമ്മികൊണ്ട് വിമാനത്താവളത്തിന്റെ ആർഭാടങ്ങളിലേക്കും സുഖശീതളിമയിലേക്കും ലാൻഡ് ചെയ്യുകയായി..
അദാനി നടത്തുന്ന വിമാനത്താവളം ആണ്. അതി മനോഹരമായ കാഴ്ചകൾ.. ഇറങ്ങിയ ടെർമിനലിൽ നിന്നും മറ്റൊരു ടെർമിനലിലേക്ക് പോകണം. അല്പം ആശയ കുഴപ്പങ്ങൾ ഉണ്ടായി. നമ്മളോട് ഒന്ന് വിശദീകരിക്കാൻ ഇൻഡിഗോ ടീമിന്റെ ആരും അത്ര ശ്രദ്ധിച്ചില്ല എന്നത് അല്പം വിഷമം ഉണ്ടാക്കി. ഒന്നും അറിയാത്ത ആദ്യ യാത്രക്കാർക്ക് നല്ല പ്രയാസം ആവും ഇത്.
അടുത്ത ടെർമിനലിൽ പോകാൻ അക്ബർ ട്രാവൽസ് ന്റെ വാഹനം എടുത്തു.. മുംബൈയുടെ തിരക്ക് റോഡിൽ ആസ്വദിച്ചു.. പിന്നീട് മറ്റൊരു വിശാല ലോകത്തേക്ക്..
ടെർമിനൽ 2 ൽ നിന്നും ബാലാജി സ്നാക്‌സ് ലെ ദോശ, പാവ് ബജ്ജി ഒക്കെ തട്ടി.

റിപ്പബ്ലിക് ദിനം അടുക്കുന്നതിനാൽ നല്ല കർശന പരിശോധനയാണ് എല്ലാ വിമാനത്താവളങ്ങളിലും.. ബെൽറ്റും ഷൂസും ഒക്കെ അഴിച്ചു മാറ്റി സ്കാൻ ചെയ്യേണ്ടി വന്നു.

എട്ട് മണിയോടെ ഹൈദരാബാദ് എത്തി. ഏതാണ്ട് ആദ്യമായി സ്വകാര്യവൽക്കാരിക്കപ്പെട്ട ഒരു വിമാനത്താവളമാണ് ഇത്. ജി എം ആർ കമ്പനി നവീകരിച്ചു നടത്തിപ്പ് ഏറ്റെടുത്തതാണ് ഇവിടെ. നല്ല വിശാലമായ സൗകര്യങ്ങൾ. 

കോഴിക്കോട് അസോസിയേറ്റഡ് ടൂർസ് ലെ മിഥുൻ വഴി ആണ് ട്രാവൽ ഇന്ത്യ എന്ന രാഘവേന്ദ്ര ജിയുടെ ഹൈദരാബാദ് ലെ ഏജൻസിയുമായി ഞങ്ങൾ ബന്ധപ്പെട്ടത്. ബിന്ദു ആണ് എല്ലാം കൈകാര്യം ചെയ്തത്.

ബിന്ദുവും ബോബിയും ലെ യിൽ നിന്നും മുൻ നിശ്ചയ പ്രകാരം ദില്ലിയിൽ എത്തിയിരുന്നു. പക്ഷെ സ്‌പൈസ് ന്റെ ദില്ലി ഹൈദരാബാദ് വിമാനം ദിവസങ്ങൾക്ക് മുമ്പ് തന്നെ റദ്ദ് ചെയ്തിരുന്നത്രെ. അവർക്ക് ഒരു അറിയിപ്പും കിട്ടിയിരുന്നില്ല. അങ്ങനെ അവർ പുതിയ വിമാനം പിടിക്കേണ്ടി വന്നു. രാത്രി എട്ടരയോടെ ഹൈദരാബാദ് എത്തി, ഒന്നിച്ചു പോകാനായിരുന്നു ഞങ്ങടെ പ്ലാൻ. അവർ 12 ആവുമെന്ന് അറിഞ്ഞപ്പോൾ ഞങ്ങൾ നീങ്ങി. 
പോകുന്ന വഴിയിൽ ഏതോ ഒരു ചെറിയ സ്ഥലത്താണ് അന്ന് അത്താഴം ഒരുക്കിയിരുന്നത്. ഭക്ഷണം വരും മുമ്പ് മേശ മേൽ ഉണ്ടായിരുന്ന അച്ചാർ ഒക്കെ എല്ലാവരും രുചി നോക്കി.. ആഹാ .. കൊള്ളാമല്ലോ..

പിന്നീട്‌ ഭക്ഷണം വന്നപ്പോൾ കഥ മാറി.. അച്ചാർ മുഖ്യ കറി ആയും കൊണ്ടുവെച്ച കറികൾ അച്ചാർ ആയും ഉപയോഗിക്കേണ്ട അവസ്ഥ.. ഹൈദരാബാദ് എരിവ് ന് പേരു കേട്ടത് ആണെന്ന് എല്ലാവരും ഓർത്തു.. രാവിലത്തെ കാര്യം ഓർത്തപ്പോൾ നല്ലോണം സാലഡ് അകത്താക്കി..

പിന്നീട് വാഹനം നെഹ്‌റു ഔട്ടർ റിങ് റോഡ് എന്ന എക്സ്പ്രസ് വേ യിലേക്ക് കയറി. എട്ടു വരി പാതയിലൂടെ ശേ... എന്ന ശബ്ദം മാത്രം... വാഹനങ്ങൾ ഒഴുകുന്നു..

30 കിലോമീറ്ററോളം കഴിഞ്ഞപ്പോൾ രാമോജി ഫിലിം സിറ്റി യിലേക്ക് കയറി..

മുഖ്യ കവാടം കഴിഞ്ഞു പിന്നെയും കിലോമീറ്ററുകൾ..

രാത്രി പത്തു മണിയോടെ "കരളേ കരളിന്റെ കരളേ" എന്ന "ഉദയനാണ് താരം" സിനിമയിലെ പാട്ടിന്റെ ലൊക്കേഷൻ ൽ.. അതേ കെട്ടിടത്തിൽ എത്തി..
₹ 3,200 ആണ് ദിവസ വാടക. എല്ലാ സൗകര്യങ്ങളും ഉണ്ട്. റിസപ്‌ഷനിൽ ഇരുന്ന ആൾ അല്പം ചിരിക്ക് വക തന്നു.

ഒരു മണിക്ക് എത്തി ബിന്ദുവും ബോബിയും.. അവർക്ക് ബുക്ക് ചെയ്തത് അല്പം കൂടി കൂടിയ മുറി ആയിരുന്നു. ഒന്നിച്ചു ഒരേ പോലുള്ള മുറി മതി എന്ന നമ്മുടെ വാദങ്ങൾ ഒന്നും ചന്ദ്രലേഖയിലെ ജഗദീഷ് കഥാപാത്രം പോലെ തോന്നിച്ച റിസപ്‌ഷനിസ്റ്റ് സമ്മതിക്കുന്നില്ല.. 

"അപ്പൊ നിങ്ങൾക്ക്  300 നഷ്ടം അല്ലെ.. അവിടെ കിംഗ്‌ സൈസ് ബെഡ് ആണല്ലോ" തുടങ്ങിയ വാദങ്ങൾ.. അവസാനം സമ്മതിപ്പിച്ചു.

ചെറിയ തണുപ്പ് കാരണം മൂക്ക് അല്പം അടഞ്ഞത് കൊണ്ടാവും 10 ദിവസത്തിലധികം വെള്ളം കാണാത്ത (മൈനസ് 50 ഡിഗ്രി യിൽ നിന്നും വന്ന) അവരുടെ സുഗന്ധം അറിഞ്ഞതേയില്ല😜

ശുഭരാത്രി...

Comments

Popular posts from this blog

ഹൈദരാബാദ് ദിനം 2